തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആനക്കാംപൊയിൽ സ്വദേശി രാജേശ്വരി (63), കണ്ടപ്പൻചാൽ സ്വദേശി എന്നിവരാണ് മരിച്ചത്. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കുണ്ട്.

തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽ നിന്ന് ആനക്കാംപൊയിലേക്ക് വന്ന ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്നു.

ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. അൻപതോളം ആളുകൾ ബസ്സിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ക്രെയിൻ ഉപയോഗിച്ച് ബസ്സ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. പുഴയില്‍ വീണ നാല് പേരെ രക്ഷിച്ചിട്ടുണ്ട്.