ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കാണാൻ എത്തിയവരിൽ നടി പ്രയാഗമാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഉണ്ടെന്ന പോലീസ് കസ്റ്റഡി അപേക്ഷയ്ക്ക് പിന്നാലെ ഹഹാ ഹിഹി ഹു ഹു എന്നെഴുതിയ ബോർഡ് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുകയാണ് പ്രയാഗ. പ്രയാഗയും ശ്രീനാഥ് ഭാസിയും ഉൾപ്പടെ ഇരുപതോളം പേർകഴിഞ്ഞദിവസം കൊച്ചിയിൽ ഓംപ്രകാശ് ബുക്ക് ചെയ്യ്ത നക്ഷത്ര ഹോട്ടൽ മുറിയിൽ എത്തിയിരുന്നുവെന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ശക്തമായ ആഘാതമാണ് മലയാള സിനിമയ്ക്ക് ഏൽക്കേണ്ടി വന്നത്. ഈയൊരു സാഹചര്യത്തിലാണ് സിനിമയെ പിടിച്ചുലച്ച് ഓം പ്രകാശിന്റെ ലഹരി പാർട്ടിയിൽ സിനിമയിലെ യുവ താരങ്ങളെത്തിയ വാർത്ത വരുന്നത്.
ലഹരിക്കേസിൽ പ്രതികളായ ഓം പ്രകാശിനും ഷിഹാസിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓം പ്രകാശ്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ എത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. നാലു ലിറ്ററിലധികം അധികം മദ്യം ഉണ്ടായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. ഇതുകൂടാതെ കൊക്കെയ്ൻ ഉപയോഗിച്ചതിനു ശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതേത്തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രക്ത പരിശോധനയ്ക്കായി സാംപിളും പോലീസ് ശേഖരിച്ചിരുന്നു.