തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ നിയമസഭയില്‍ വന്‍ ബഹളം. പ്രതിപക്ഷ നേതാവും സ്പീക്കറും വാക് പോര്. പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവെന്ന സ്പീക്കറുടെ ചോദ്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുപിതരായി. ഇതിന് പിന്നാലെ ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടു.
പ്രതിപക്ഷം സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് നിയമസഭയിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താൻ ആകില്ലെന്നാണ് ചട്ടമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. ചോദ്യങ്ങൾ അംഗങ്ങൾ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതു കൂടാതെ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾ എന്ന നിലയിലാണ് നക്ഷത്ര ചിഹ്നം ഇല്ലാത്തവ ആക്കിയതെന്നും ഇതില്‍ ചട്ട ലംഘനം ഒന്നും ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷൻ അടക്കം വിശദീകരിച്ച് മറുപടി പറഞ്ഞു.
പക്ഷേ സ്പീക്കർ നൽകിയ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. സ്പീക്കറിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. സീറ്റിൽ പോയി ഇരുന്നാൽ മാത്രമേ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ അവസരം നല്‍കുകയും മൈക്ക് ഓണാക്കുകയും ചെയ്യുകയുള്ളൂ എന്ന് സ്പീക്കർ വ്യകതമാക്കി. ഇതേ തുടർന്ന് പ്രതിപക്ഷ നേതാവ് ഇടപെട്ട് അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
പക്ഷേ മാത്യു കുഴൽനാടൻ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് തുടർന്നു. പ്രതിപക്ഷവും ഭരണപക്ഷവും വാക് പോരിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തെ നോക്കി ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കർ ഉന്നയിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സ്പീക്കറുടെ ചോദ്യം അപക്വമാണെന്നും സ്പീക്കറുടെ പദവിക്ക് ഇത് അപമാനമന്നും വിമർശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിക്കുകയായിരുന്നു.
അതേ സമയം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മാത്യു കുഴൽനാടൻ പ്രതിഷേധം തുടർന്നത് കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. മന്ത്രി എം ബി രാജേഷും മുഖ്യമന്ത്രിയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രംഗത്തു വന്നു. പ്രതിപക്ഷ നേതാവായ വി ഡി സതീശന് അഹങ്കാരം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.