ദാദാസാഹിബ് ഫാൽക്കെ അവാർഡ് മിഥുൻ ചക്രവർത്തിക്ക്..

ന്യൂഡൽഹി: ചലച്ചിത്ര പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് കരസ്ഥമാക്കി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഒക്ടോബർ 8 ന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ അവാർഡ് മിഥുൻ ചക്രവർത്തിക്ക് സമ്മാനിക്കുമെന്ന് മന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

“ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിശിഷ്ടമായ സംഭാവനകൾ പരിഗണിച്ച് ഇതിഹാസ നടന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ സെലക്ഷൻ ജൂറി തീരുമാനിച്ചതായി പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്. ഒക്ടോബർ എട്ടിന് എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും ” ഇങ്ങനെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

ബംഗാളി ഹിന്ദി സിനിമകളിൽ നിറസാന്നിധ്യമായ മിഥുൻ ചക്രവർത്തി 1976 ൽ മൃണാൾ സെന്നിന്റെ “മൃഗായ ” എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ആദ്യമായി കടന്നു വരുന്നത്. അതില്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടി വന്നു. ഡിസ്കോ ഡാൻസർ പോലുളള ചിത്രങ്ങളിലെ അഭിനയത്തിലൂടെ 80 കളിൽ യുവാക്കൾക്കിടയിലെ തരംഗമായിരുന്നു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. നേരത്തെ പത്മഭൂഷൻ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.