തിരുവനന്തപുരം : ബാലചന്ദ്ര മേനോനെതിരെയും ലൈംഗിക പീഡന പരാതി. നടനും സംവിധാനകനുമായ ബാലചന്ദ്ര മേനോനെതിരെ മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 2007 ജനുവരിയിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ മുറിയിൽ കയറി വന്ന് ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. സംഭവം പുറത്തു പറഞ്ഞാൽ
ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. പേടി കൊണ്ടാണ് ഇതുവരെ പരാതി നൽകാൻ തയ്യാറാകാതിരുന്നതെന്നും നടി പറയുന്നു. നേരത്തെ മുകേഷ് അടക്കം 7 പേർക്കെതിരെയാണ് നടി പരാതി നൽകിയത്.
എന്നാൽ തനിക്കെതിരെ വന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. നടിയും അവരുടെ അഭിഭാഷകനും ബ്ലാക്‌മെയ്ൽ ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോൻ ഇന്നലെ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അഭിഭാഷകൻ ബ്ലാക്‌മെയ്ൽ ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നുള്ള ഫോൺ കോൾ ഭീഷണിയും ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ നടി ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.