സിനിമയെ വെല്ലുന്ന ആക്ഷൻ പ്ലാൻ.. ഒരു പ്രതി കൊല്ലപ്പെട്ടു, പോലീസുകാരന് കുത്തേറ്റു. എടിഎം കൊള്ള പ്രതികള്‍ പിടിയില്‍

തൃശ്ശൂർ: സിനിമയെ വെല്ലുന്ന ATM കൊള്ള നടത്തിയ രാജസ്ഥാന്‍ സ്വദേശികളായ പ്രതികളെ കുമാരപാളയത്ത് നിന്നാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. പുലര്‍ച്ചെ പണം കവർന്നതിന് ശേഷം കവർച്ചാ സംഘം കാറും പണവും കണ്ടെയ്നറില്‍ കയറ്റി കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നു.ഇവർ പോകുന്ന വഴിയിൽ അപകടം ഉണ്ടായപ്പോഴാണ് പ്ളാന്‍ പൊളിഞ്ഞത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെ കണ്ടെയ്നർ ലോറി ഇടിച്ചു. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്ര വാഹനങ്ങളിലും ഇടിച്ച കണ്ടെയ്നര്‍ നിർത്താതെ പോയി. ഇതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് പിന്തുടരുന്നെന്നറിഞ്ഞ സംഘം കണ്ടെയ്നര്‍ അതിവേഗത്തിൽ ഓടിച്ചു. പക്ഷേ അവസാനം കണ്ടെയ്നറിനെ പോലീസ് വാഹനം വളഞ്ഞു. എന്നാല്‍ കണ്ടെയ്നറിന് മുമ്പിൽ വാഹനം നിർത്തിയിട്ടും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇതോടെ ലോറിക്ക് നേരെ പോലീസുകാർ കല്ലെറിയുകയും ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തു. തുടർന്ന് കണ്ടെയ്നർ പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം യാത്ര ചെയ്ത കാറും ആയുധങ്ങളും പണവും പോലീസ് കാണുന്നത്. ഇതോടെ സംഘം പോലീസിനെ ആക്രമിച്ചു. രംഗം വഷളായതോടെ പോലീസ് വെടിയുതിർത്തു . ആക്രമത്തിൽ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു പ്രതിയെ പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു. ലോറി ഡ്രൈവർ ജമുദ്ദീൻ (37 ) ആണ് വെടിയേറ്റ് മരിച്ചത്. കവർച്ച സംഘാംഗമായ ഹാജിർ അലി പരിക്കേറ്റ് ചികിത്സയിലാണ്
രാജസ്ഥാനിലെ നൂഹ് ജില്ലയിൽ നിന്നുള്ള സംഘമാണ് പിടിയിലായത് . നൂഹ് നിരവധി കവർച്ച സംഘങ്ങളുടെ കേന്ദ്രമാണ്. പ്രതികൾ ഇതിനു മുമ്പും നിരവധി കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ തൃശ്ശൂരിലെ നാലിടങ്ങളിൽ നടന്ന എടിഎം കൊള്ളയിൽ 65 ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. സിനിമയെ വെല്ലുന്ന ആക്ഷൻ പ്ലാൻ ആണ് കൊള്ളക്കായി മോഷ്ടാക്കൾ നടപ്പിലാക്കിയത്. ഗ്യാസ് കട്ടറുകളാണ് സംഘം കവർച്ച നടത്താനായി ഉപയോഗിച്ചത്. വെറും 10 മിനിറ്റ് മാത്രമാണ് ഓരോ എടിഎമ്മിലെയും പണം കവരാനായി സംഘം ചെലവഴിച്ചതെന്നാണ് പോലീസ് പറയുന്നത്.