

കണ്ണൂര്‍; മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏഴാം തീയതി കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.
രണ്ടു ദിവസമായി ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ
നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. എതിർവശത്ത് നിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോൾ കോൺക്രീറ്റ് സ്ലാബിൽ ഇടിക്കുകയായിരുന്നു.
ഡിസിസിയുടെ പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങവേ ആണ് അപകടമുണ്ടായത്.

കോൺഗ്രസിന്‍റെ ജനകീയ നേതാവായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ. ലീഡർ കെ.കരുണാകരനാണ് കുഞ്ഞിക്കണ്ണനെ കോൺഗ്രസിലേക്ക് കൈ പിടിച്ചുയർത്തിയത്. 1987 ലാണ് നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പം ഉറച്ചു നിന്നു. ഒരു കാലത്ത് ടി വി ചാനലുകളിലെ ചർച്ചയില്‍ കോൺഗ്രസിന്‍റെ പതിവ് മുഖമായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ. കാസർഗോഡ് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡണ്ടായിരുന്ന കുഞ്ഞിക്കണ്ണൻ, കേരഫെഡ് ചെയര്‍മാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.

