ശ്രുതിയ്ക്ക് വീട് ഒരുങ്ങുന്നു.. ടി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ തറക്കല്ലിട്ടു

വയനാട്ടിലെ ഉരുൾപൊട്ടലിൽ കുടുംബത്തെയും പ്രതിശ്രുത വരന്‍ ജെണ്‍സനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്കായുളള വീട് ഒരുങ്ങുന്നു. പതിനൊന്നര സെൻറ് ഭൂമിയിൽ 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് നിർമ്മിക്കുന്നത്. വയനാട് പൊന്നടിയിലാണ് വീട് നിർമ്മിക്കുന്നത്. എംഎൽഎ ടി സിദ്ദിഖിന്‍റെ നേതൃത്വത്തില്‍ തറക്കല്ലിട്ടു. വീടിന് തറക്കല്ലിടുന്നത് ശ്രുതി ആംബുലൻസിലിരുന്നു കണ്ടു.

തൃശ്ശൂർ ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവരാണ് വീടിനുള്ള ധന സഹായം നൽകുന്നത്. വീടിന്റെ മുഴുവൻ നിർമാണ ചെലവും ഇവര്‍ വഹിക്കും 35 ലക്ഷത്തോളം രൂപയാണ് നിർമ്മാണ ചിലവായി വരിക.

ശ്രുതിയ്ക്കായുള്ള വീട് നിർമ്മാണത്തിന് ബോബി ചെമ്മണ്ണൂരും പത്ത് ലക്ഷം രൂപ എംഎൽഎ ടി.സിദ്ദിഖിന് കൈമാറിയിരുന്നു. ഇതു കൂടാതെ ശ്രുതിക്ക് ആറ് മാസത്തെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്. ശ്രുതിയുടെ ചികിത്സയ്ക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്ന് ലക്ഷം രൂപയും വാഗ്ദ്ധാനം ചെയ്തിരുന്നു.