BSNL വരിക്കാരിൽ വൻ വർധന ; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണമായും 4ജി സേവനം ഉടന്‍

കണ്ണൂർ: കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണ്ണമായും വർഷാവസാനത്തോടെ 4 ജി സേവനം നൽകാനാകുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും 4 ജി എത്തിക്കാനുള്ള പ്രവർത്തികളാണ് നടക്കുന്നത്.പുതുതായി സ്ഥാപിക്കുന്ന 157 ടവറുകൾ ഉൾപ്പെടെയാണിത്.

നിലവിലുള്ള 857 ടവറുകളിൽ 154 എണ്ണത്തിൽ 4 ജി സേവനങ്ങൾ ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്നുണ്ട്. കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി മേഖലകളിലാണ് ആദ്യം 4 ജി സേവനമെത്തിയത്. വൈകാതെ 236 ടവറുകളിൽ കൂടി ഉടനെ എത്തും. 58 ടവറുകളിൽ 17 എണ്ണമാണ് ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തനക്ഷമമായത്. 2ജി, 3ജിസിമ്മുകൾ 4 ജിയിലേക്ക് മാറ്റാൻ കസ്റ്റമർ സർവീസ് സെന്ററുകളിലും റീട്ടെയിൽ ഷോപ്പുകളിലും നിലവിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

കണ്ണൂർ ബിസിസ് ഏരിയയിൽ BSNLലേക്ക് വരുന്ന വരിക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കണ്ണൂർ ജനറൽ മാനേജർ യു കെ രാജേഷ് പറഞ്ഞു. സ്വകാര്യ സേവന ദാതാക്കൾ നിരക്ക് വർധിച്ചപ്പോൾ ബിഎസ്എൻഎൽ നിരക്ക് കൂട്ടാത്തതാണ് വർധനവിന് കാരണം. ജൂലായിൽ 9543 പുതിയ വരിക്കാരെ കിട്ടി. ഓഗസ്റ്റിൽ 14,593, സെപ്റ്റംബർ 23 വരെ
10, 189 പേരും പുതിയ വരിക്കാരായി.