”അവനെയും കൊണ്ടേ ഞങ്ങൾ പോകൂ, ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് കൊടുത്തതാണ്” ലോറി കണ്ടെത്തിയ ഉടന്‍ ഉടമ മനാഫ് പ്രതികരിച്ചത് ഇങ്ങനെ

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയ ഉടന്‍ വളരെ വൈകാരികമായിട്ടായിരുന്നു
ലോറി ഉടമ മനാഫും സഹോദരീ ഭര്‍ത്താവ് ജിതിനും പ്രതികരിച്ചത്. “അപ്പോഴേ പറഞ്ഞതാണ് ലോറിക്കധികം പരിക്കുണ്ടാവില്ല. ചിന്നി ചിതറില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ, ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് ഞാൻ കൊടുത്തതാണ്, അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്‍റെ പരമാവധി ചെയ്തു. പല പ്രതിസന്ധികൾ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്” ഇതായിരുന്നു ഉടമ മനാഫിന്‍റെ പ്രതികരണം.

ക്രെയിൻ ഉപയോഗിച്ച് ലോറി പൂര്‍ണമായും ഉയർത്താൻ ദൗത്യ സംഘം ശ്രമം തുടരുന്നു. ലോറിയുടെ ക്യാബിനിൽ നിന്ന് മൃതദേഹം പുറത്തെത്തിച്ചിട്ടുണ്ട്. മൃതദേഹം ബോട്ടിലേക്ക് മാറ്റി. ലോറി കരയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കരയിൽ നിന്ന് 65 മീറ്റർ അകലെ, ഗംഗാവലി പുഴയില്‍12 മീറ്റർ ആഴത്തിൽ നിന്നാണ് ലോറിയും അര്‍ജുന്‍റെ മൃതദേഹവും കിട്ടിയത്.
ജൂലെ 16 ന് ആയിരുന്നു കോഴിക്കോട് സ്വദേശി അർജുനെ കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായത്. 72ാം ദിവസമാണ് കേരളം കാത്തിരുന്ന അർജുനെയും ലോറിയും കണ്ടെത്തുന്നത്.