പി വി അൻവർ പോലീസിനെതിരെ ഉന്നയിച്ച ആരോപണം; ഡിപ്പാർട്ട്മെന്‍റ് വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാർക്കെതിരെ അന്വേഷണം

മലപ്പുറം ; പി വി അൻവർ എംഎൽഎ മുന്‍ മലപ്പുറം SP ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പോലീസുകാർക്കെതിരെ  അന്വേഷണം നടത്തുന്നു.നേരത്തെ നടപടിക്ക് വിധേയരായ പോലീസുകാർ പോലീസിനെ മോശമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം.അതിൽ പി വി അൻവറും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും ഭാഗമായിട്ടുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

രഹസ്യന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ മലപ്പുറം ജില്ലയിലെ വിവിധ ഹോട്ടലുകളിലും കോഴിക്കോട് വിമാനത്താവളത്തിലും ഉൾപ്പെടെ എട്ടിടങ്ങളിൽ വച്ച് ഗൂഢാലോചന നടന്നതായി വിവരം ഉണ്ട് . 15 പേരുടെ പങ്കാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇവരെല്ലാം വകുപ്പുതല നടപടി നേരിട്ടവരുമാണ്.

പോലീസിൽ പ്രവർത്തിച്ച് പിന്നീട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമായ ഉദ്യോഗസ്ഥന്റെ ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ സൂപ്രണ്ട് റാങ്കിൽ പ്രവർത്തിച്ച രണ്ടു പേരും അന്‍വറിന് വിവരങ്ങൾ ചോർത്തി നൽകിയതില്‍ ഭാഗമായിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. മലപ്പുറം എസ്പി ഓഫീസിലെ മരം മുറി ഉൾപ്പെടെയുള്ളവയെക്കുറിച്ചുള്ള തെളിവ് ചേർന്നതിലും അന്വേഷണമുണ്ട്.