നടൻ സിദ്ദിഖ് ഒളിവില്‍, അറസ്റ്റ് തടയാന്‍ സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടൻ സിദ്ദിഖ്  സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്ന സാഹചര്യത്തിൽ സിദ്ദിഖ് കാക്കനാടുള്ള വീട്ടിൽ ഇല്ല. ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. യുവ നടിയുടെ പീഡന പരാതിയിലാണ് സിദ്ദിഖിനെതരെ കേസെടുത്തത്. ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നടന്‍റെ
മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 2016 ലാണ് സംഭവം നടന്നതായി ആരോപിക്കുന്നത്. 2019ല്‍ ലൈംഗികമായി ഉപദ്രവിച്ചത് തുറന്നു പറഞ്ഞിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു.

നിരപാധിയാണെന്നാണ് സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ച് അവസരം വാഗ്ദാനം നൽകി യുവ നടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സിദ്ദിഖിനെതിരെ ബലാംത്സംഗക്കുറ്റം ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. 376 വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കും. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും.

പരാതിക്കാരിയായ യുവനടി സിദ്ദിഖിനെതിരെ ബലാൽസംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും
പരാതി അടിസ്ഥാന രഹിതമാണെന്നും സിദ്ദിഖിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു.
എന്നാൽ പല വസ്തുതകളും മറച്ചു വെക്കുകയാണെന്നും ഇരുവരും മസ്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിംഗ് ആയി ബന്ധപ്പെട്ട തെളിവുകളും , ഇരുവരും സംഭവ ദിവസം ഹോട്ടലിൽ എത്തിയതിന്റെ തെളിവും അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.