പി ശശിക്കും എഡിജിപിക്കുമെതിരെ വീണ്ടും പി.വി അൻവർ.. മുഖ്യമന്ത്രിക്കെതിരെ പി ശശി കൂട്ടു നിന്നു. എഡിജിപിയെ സസ്പെൻഡ് ചെയ്യണം

തിരുവനന്തപുരം: ADGP അജിത് കുമാരിനെതിരെ നടത്തുന്ന അന്വേഷണനത്തിന് സമാന്തരമായി നിയമപരമല്ലാത്ത അന്വേഷണം നടക്കുന്നു എന്ന് പി.വി അൻവർ. തന്റെ കൈയിൽ ഉള്ള തെളിവുകൾ എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് സമാന്തര അന്വേഷണം നടത്തുന്നതെന്നും ഇതിന് നേതൃത്വം നൽകുന്നത് അജിത് കുമാറാണെന്നും പി.വി അൻവർ എം.എ.എ ആരോപണം ഉന്നയിച്ചു.

“സമാന്തര അന്വേഷണം കേരള പോലീസിന്‍റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തതാണ്. സർക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പോലീസ് ചട്ടങ്ങളും ഒന്നും തന്നെ തനിക്ക് ബാധകമല്ലെന്ന് അജിത് കുമാർ തെളിയിക്കുകയാണ്. ഈ ചട്ടലംഘനം മാത്രം മതി അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ.

തന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് എഡിജിപി ക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ അനുമതി തേടിയത്. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം
സംബന്ധിച്ച ഡിജിപിയുടെ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നും അദ്ദേഹം അന്വേഷണത്തിന് അനുമതി അപ്പോൾ തന്നെ നൽകി എന്നും പത്രത്തിൽ പറയുന്നു. എന്നാൽ ഏഴു ദിവസം ഈ ഫയൽ എവിടെയായിരുന്നു. അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് കേരളത്തിലെ ജനങ്ങൾ അന്വേഷിക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയൽ എത്തേണ്ടതെന്ന വിശദീകരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിഷയം ഇത്രയധികം ചർച്ചയായിട്ടും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. അന്വേഷണം വൈകിപ്പിക്കുന്നതിന് മുഖ്യമന്ത്രി കാരണക്കാരനാണെന്ന വിധത്തിലുള്ള ചർച്ചകൾ ഉണ്ടാക്കിയെടുക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശി കൂട്ടുനിന്നു. പി.ശശിയ്ക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും പി.വി അൻവർ ആരോപിച്ചു.