ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യം; സി.പി.എം ജോലിയിൽ തിരികെ പ്രവേശിക്കാനനുവദിക്കുന്നില്ലെന്ന് സി.ഐ.ടിയു നേതാവ്

മലപ്പുറം:  CPMനെതിരെ അട്ടിമറി വിജയം നേടിയ വിമത സ്ഥാനാർത്ഥിയായ സിഐടിയു നേതാവിന് ജോലി വിലക്കേർപ്പെടുത്തിയതായി ആരോപണം. എടപ്പാള്‍ വട്ടക്കുളം പഞ്ചായത്ത് ഉദനിക്കര വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സിഐടിയു നേതാവായ ഇ എസ് സുകുമാരന്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജോലിയില്ലാത്ത അവസ്ഥയിലായി. തെരഞ്ഞെടുപ്പ് കാലത്ത് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് എടപ്പാൾ ഓഫീസ് സൂപ്രണ്ടിന് നൽകിയ അവധി അപേക്ഷ അംഗീകരിച്ചിരുന്നില്ലെന്ന് പറഞ്ഞാണ് ജോലിയിലേക്ക് തിരികെ പ്രവേശിപ്പിക്കാത്തത്. പൂൾ ലീഡറുടെ ശുപാർശയില്ലാതെ നൽകിയ അവധി അപേക്ഷ സൂപ്രണ്ട് അംഗീകരിക്കാത്തതിനാൽ അവധി അനധികൃതമാണെന്നാണ് വിശദീകരണം.

എടപ്പാളിലെ രണ്ടു സ്ഥാപനങ്ങളിൽ അംഗീകൃത തൊഴിലാളികളെ ഉൾപ്പെടുത്താതെ സാധനം ഇറക്കാൻ ശ്രമം നടത്തിയെന്ന് കാട്ടി 2 പൂൾ ലീഡർമാർ സൂപ്രണ്ടിന് നൽകിയ പരാതിയും ഇ.എസ് സുകുമാരനെതിരെയുണ്ട്.എന്നാൽ ഇത് കള്ള പരാതി ആണെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യം തീർക്കാനായാണ് ഇത്തരം നടപടികൾ എടുക്കുന്നതെന്നുമാണ് സുകുമാരന്‍ ഉന്നയിക്കുന്ന ആരോപണം.

സുകുമാരനെ കൂടാതെ അപകടത്തെ തുടർന്ന് അവധി എടുത്തിരുന്ന ശ്രീനിവാസൻ എന്ന തൊഴിലാളിയുടെ അവധി അപേക്ഷയും സ്വീകരിക്കാതെ ജോലിയിൽ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്. സുകുമാരന് വേണ്ടി താൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്നതാണ് ഇതിൻറെ കാരണം എന്നാണ് ശ്രീനിവാസൻ ആരോപിക്കുന്നത്.
ഇപ്പോഴുള്ള നിയമം അനുസരിച്ച് അവധിക്ക് പൂൾ ലീഡറിന്റെ ശുപാർശ ആവശ്യമില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തെ തുടർന്ന് തൊഴിൽ വകുപ്പിനും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിനും സുകുമാരൻ പരാതി നൽകിയിരിക്കുകയാണ്.