18 മണിക്കൂർ ദൗത്യം ; രണ്ടര വയസ്സുകാരിയെ കുഴൽക്കിണറിൽ നിന്ന് രക്ഷിച്ച് സേന

രാജസ്ഥാൻ : ജയ്പൂരിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ 18 മണിക്കൂര്‍ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെയും പോലീസിന്റെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലമായാണ് 35 അടി താഴ്ചയുള്ള കുഴൽ കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുത്തത്.

ദൗസയിൽ വീടിന് സമീപമുള്ള കൃഷിയിടത്തിൽ കളിക്കുകയായിരുന്നു കുട്ടി തുറന്നു കിടന്ന കുഴൽ കിണറിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. തുടർന്ന് ബൻഡികുയ് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ദൗസ ജില്ലാ കലക്ടർ ദേവേന്ദ്രകുമാർ, എസ്പി രഞ്ജിത് ശർമ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുമെത്തി. കുട്ടിക്ക് ഓക്സിജൻ ലഭിക്കാനുള്ള സജ്ജീകരണങ്ങള്‍ രക്ഷാപ്രവർത്തകർ ഒരുക്കി. ക്യാമറ ഉപയോഗിച്ച് കുട്ടിയുടെ അവസ്ഥയും മനസ്സിലാക്കി. മെഡിക്കൽ സംഘത്തിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം നടന്നത്.