ഗുരുവായൂര്‍ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി; കേക്ക് മുറിക്കാനുള്ള സ്ഥലവുമല്ല

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേരള ഹൈക്കോടതി . വിവാഹവും മറ്റു മതപരമായ ചടങ്ങുകൾക്കും അല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രറ്റികളെ അനുഗമിച്ചു കൊണ്ടുള്ള വ്ളോഗർന്മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്നും ഹൈക്കോടതി. ക്ഷേത്ര പരിസരത്ത് ചിത്രകാരി ജെസ്ന സലീം കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലം അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ പരിധി വിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലും ഭക്തർക്കടക്കം ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യം നില നിന്നിരുന്നു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ഭക്തർക്ക് തടസ്സമുണ്ടാകുന്ന ഒരു കാര്യവും പാടില്ല, ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണം. ആവശ്യമുണ്ടെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.