അത് വയനാട്ടിലെ യഥാർത്ഥ കണക്ക് അല്ലെന്ന് മന്ത്രി കെ.രാജന്‍; ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിടും

വയനാട് ഉരുൾപൊട്ടലിൽ സർക്കാർ പുറത്തു വിട്ട ചെലവ് കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന ആരോപണത്തിനു മറുപടിയുമായി റവന്യൂ മന്ത്രി കെ.രാജൻ രംഗത്തെത്തി.
പുറത്തു വന്ന കണക്ക് തെറ്റാണെന്നും
ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകൾ മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം പുറത്ത് വിടുമെന്നും
മന്ത്രി പ്രതികരിച്ചു

ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളിൽ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് പുറത്ത് വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
”ദുരന്തം നടന്നതിന് ശേഷം കേന്ദ്ര സർക്കാരിന് കേരളം ഒരു മെമ്മോറാൻഡം നൽകിയിരുന്നു. അതിൽ കാണിച്ചിരുന്ന കണക്കാണ് ഇത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നൽകിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾ തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നു”
-മന്ത്രി വ്യക്തമാക്കി

ഹൈക്കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിലാണ്
വയനാട് ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ ചെലവഴിച്ച കണക്കുകൾ നൽകിയിരുന്നത്. ഈ കണക്കുകൾ യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് വ്യാപകമായി വിമര്‍ശനം  ഉയര്‍ന്നിരുന്നു