യെച്ചൂരിക്ക് ഇന്ന് രാജ്യം വിട നൽകും, വൈകിട്ട് വിലാപയാത്ര.. തുടർന്ന് മൃതദേഹം എയിംസിന് കൈമാറും

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യ തലസ്ഥാനം അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ മൃതദേഹം ഇന്ന് മൂന്ന് മണി വരെ എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും. യെച്ചൂരിയുടെ രാഷ്ട്രീയ കളരിയായിരുന്ന JNUവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേരാണ് ആദരാഞ്ജലി അർപ്പിച്ചത്. തുടർന്ന് മൃതദേഹം വസന്ത് കുഞ്ചിലെ വസതിയിൽ എത്തിക്കുകയായിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ ഇന്നലെ യച്ചൂരിയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

രാത്രി മുഴുവൻ വസതിയിൽ വെച്ച ഭൗതിക ശരീരം ഇന്ന് രാവിലെയാണ് എകെജി ഭവനിലേക്ക് എത്തിച്ചത്.
എകെജി ഭവനിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് ഭൗതിക ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്ക് കൈമാറും.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. തുടർന്ന് മൂന്ന് തവണയാണ് ജനറൽ സെക്രട്ടറി പദവി കൈകാര്യം ചെയ്തത്.