ബഹിരാകാശത്ത് നിന്ന് ലൈവായി സുനിതയും ബുച്ചും നിങ്ങളോട് സംസാരിക്കും; ഇന്ന് രാത്രി നാസയുടെ തൽസമയ ചോദ്യോത്തര പരിപാടി..

ബഹിരാകാശത്തെ നിലയത്തിൽ തുടരുന്ന ഇന്ത്യയുടെ സുനിത വില്യംസും ബുച്ച് വിൽമോറും സെപ്റ്റംബർ 13 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:45ന് തൽസമയ ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കും. നാസ സംഘടിപ്പിക്കുന്ന ലൈവില്‍ ബഹിരാകാശ നിലയത്തിൽ നിന്നു തന്നെയാണ് ഇരുവരും പങ്കെടുക്കുക. നാസയുടെ അപ്ലിക്കേഷൻ ആയ നാസ പ്ലസിലും ഔദ്യോഗിക വെബ്സൈറ്റിലും പരിപാടി തൽസമയം കാണാൻ സാധിക്കും. ഇതുകൂടാതെ തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ ആയ ഡിഷ് നെറ്റ് വർക്ക്, ഗൂഗിൾ ഫൈബർ, ആമസോൺ ഫയർ ടിവി, ആപ്പിൾ ടിവി, റോക്കു, ഹുലു എന്നിവയിലും നാസയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പരിപാടി തത്സമയം സ്ട്രീം ചെയ്യും. ഈ വിവരം നാസ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

2025 ഫെബ്രുവരി വരെ ബഹിരാകാശത്ത് തുടരേണ്ടി വന്ന സുനിതയെയും വിൽമോറിനെയും സ്പേയ്സ് എക്സിന്റെ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നാണ് നാസ നേരത്തെ അറിയിച്ചത്. ഇരുവരെയും ബഹിരാകാശത്തെത്തിച്ച സ്റ്റാർ ലൈൻ പേടകം സുരക്ഷാ ഭീഷണി നേരിട്ടതിനാല്‍ യാത്രികരില്ലാതെയാണ് ഭൂമിയിൽ ഇക്കഴിഞ്ഞ 7ാം തിയ്യതി തിരിച്ചെത്തിയത്. പേടകത്തിന്റെ മൂന്നിടത്ത് ഹീലിയം ചോർച്ച ഉണ്ടായിരുന്നു. കൂടാതെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകൾ പണിമുടക്കിയതോടെ ഇരുവരുടെയും മടക്കയാത്ര ആശങ്കയിലായി.തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മടക്കയാത്ര മാറ്റി വെച്ചു. തുടര്‍ന്നാണ് ഇരുവരെയും ഭൂമിയിൽ സ്പേസ് എക്സ് പേടകം വഴി എത്തിക്കാനുള്ള അന്തിമ തീരുമാനം നാസ എടുക്കുന്നത്. വെറും 10 ദിവസത്തെ ദൗത്യത്തിനായി ജൂൺ 5നാണ് സുനിതയും
വിൽമോറും ബഹിരാകാശത്തേക്ക് പോയത്.