ചീഫ് ജസ്റ്റിസിന്‍റെ വീട്ടിൽ ഗണേശ പൂജ നടത്തി പ്രധാനമന്ത്രി ; വിമർശനവുമായി അഭിഭാഷകരും പ്രതിപക്ഷവും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയിൽ ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രി തന്നെയാണ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ഗണേശ പൂജ നടത്തുന്നതിന്റെ ചിത്രം എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. “ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നടന്ന ഗണേശ പൂജയിൽ പങ്കെടുത്തു. സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും എല്ലാവർക്കും ഗണപതിയുടെ അനുഗ്രഹത്താൽ ലഭിക്കട്ടെ ” ഇതായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്. വീട്ടിലെത്തിയ മോദിയെ കൂപ്പു കൈകളോടെ സ്വീകരിക്കുന്ന ചീഫ് ജസ്റ്റിസിന്റെയും ഭാര്യയുടെയും ചിത്രമാണ് പുറത്തു വന്നത്.

എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ വിവാദത്തിലേക്കാണ് വഴി തെളിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പ്രധാനമന്ത്രി എത്തിയത് പരമോന്നത കോടതിയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകരടക്കം വിമർശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അധികാര കേന്ദ്രങ്ങളുമായി നിശ്ചിത അകലം ജഡ്ജിമാര്‍ പാലിക്കേണ്ടതുണ്ടെന്നും പ്രശാന്ത് ഭൂഷന്‍ എക്സിൽ കുറിച്ചു. മോദിയെ വീട്ടിലെത്തി കാണുന്നതിന് ചീഫ് ജസ്റ്റിസ് അനുവദിച്ചത് ഞെട്ടിക്കുന്നതാണ്. ഒരു കൈയകലത്തിൽ വേണം നീതിന്യായ വിഭാഗം നിൽക്കാൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ ഇന്ദിര ജയ്സിങ്ങും കടുത്ത വിമർശനവുമായി രംഗത്തെത്തി. “നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിച്ച നടപടിയാണിത്. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്‍റെ വീട്ടിൽ സ്വകാര്യ സന്ദർശനം നടത്തിയതിനെ അപലപിക്കാൻ സുപ്രീംകോടതി ബാർ അസോസിയേഷൻ തയ്യാറാവണം. ഇത്തരം പ്രവർത്തനങ്ങൾ നീതി നിർമ്മാണ വിഭാഗവും സർക്കാരും തമ്മിലുള്ള അതിർവരമ്പുകളെ മായ്ക്കും. അത് അപകടകരമാണ്” ഇന്ദിര ജയ്സിങ്ങ് ചൂണ്ടിക്കാട്ടി.