ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്തു ;പ്രതികരിക്കാതെ രഞ്ജിത്ത്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകന്‍  രഞ്ജിത്ത് മറൈൻ ഡ്രൈവിലുള്ള തീരദേശ ഐ.ജി ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നിലാണ് ചോദ്യം ചെയ്യലിന് ഹാജറായത്. രാവിലെ 11:10 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ 1.15 ഓടെയാണ് അവസാനിച്ചത്. SP പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ചോദ്യം ചെയ്യലിന് രാവിലെ ഐജി ഓഫീസിലെത്തിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അന്വേഷണ സംഘം വിളിച്ചിട്ടാണ് താൻ വന്നതെന്നും അവരെ കണ്ടിട്ട് വരാമെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് യാഥാർഥ്യമെന്താണെന്ന ചോദ്യത്തിന് അവരോട് പറയാമന്നൊയിരുന്നു മറുപടി. പിന്നാലെ ഭയമുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിച്ചില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മടങ്ങി പോകുമ്പോഴും രഞ്ജിത്ത് പ്രതികരിച്ചില്ല.

പലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനായി വിളിച്ചു വരുത്തിയ ബംഗാളി നടിക്കുനേരെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലും സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ ലൈംഗികമായി  പീഡിപ്പിച്ചുവെന്ന പരാതിയിലുമാണ് രഞ്ജിത്തിത്തിനെതിരെ കേസെടുത്തിട്ടുള്ളത്.