ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നിവിൻപോളി; സിനിമാ മേഖല യിലുള്ളവരെ സംശയം

തനിക്കെതിരായ ലൈം​ഗികാരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് നിവിൻ പോളി.
സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും നടൻ നിവിൻ പോളി പറഞ്ഞു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തി എ ഡി ജി പിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നിവിൻ പോളിക്കെതിരെയും പീഡന പരാതി ഉയർന്നു വന്നത്.

അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു നിവിന്‍ പോളിക്കു നേരെ ഉയർന്ന ആരോപണം. എന്നാൽ അന്നു തന്നെ മാധ്യമങ്ങളെ കണ്ട് നിവിന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. പരാതിക്കാരിക്കെതിരെ നിയമ നപടിയുമായി മുന്നോട്ടു പോകുമെന്നും നിവിന്‍ അറിയിച്ചു. ഇതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം പരാതിക്കാരിയുടെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിവിന് അനുകൂലമായ തെളിവുകളുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.

അന്വേഷണ സംഘത്തലവനായ  ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷിന്‍റെ ഓഫീസിലെത്തിയാണ് നിവിൻ ഇപ്പോള്‍ നേരിട്ട് പരാതി നൽകിയത്. ” തനിക്കെതിരായ പീഡന പരാതി ചതിയാണ്, താൻ നിരപരാധിയാണ്, പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണം. പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്..” പരാതിയില്‍ നിവിന്‍ ആവശ്യപ്പെടുന്നു . കൂടാതെ ഇതിൽ ഗുരുതരമായ ​ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും സിനിമാ മേഖലയിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നുവെന്നും നിവിൻ്റെ പരാതിയിൽ പറയുന്നുണ്ട്. പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിൻ ഡിജിപിക്ക് ഇ-മെയിൽ വഴിയും പരാതി അയച്ചിരുന്നു.