കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം മാറി നിന്നതെന്ന് സൂചന

മലപ്പുറം പള്ളിപ്പുറത്തു നിന്ന്  കാണാതായ വിഷ്ണുജിത്തിനെ ആറ് ദിവസത്തിന് ശേഷമാണ് പോലീസ് ഊട്ടിയിൽ നിന്നും കണ്ടെത്തിയത്. വിഷ്ണുജിത്ത് തനിച്ച് താമസിക്കുകയായിരു നെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മലപ്പുറം എസ്പി ശശിധരൻ പറഞ്ഞു. വിഷ്ണുവിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കളും സഹോദരി ജസ്നയും പറഞ്ഞു.

വിവാഹത്തിന് നാല് ദിവസം മുമ്പാണ് കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ചു വരാമെന്നും പറഞ്ഞ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കുക യായിരുന്നു. ഇക്കഴിഞ്ഞ ഞായാറാഴ്ച ആയിരുന്നു വിഷ്ണുജിത്തിൻ്റെ വിവാഹം നടക്കാനിരുന്നത്. മഞ്ചേരി സ്വദേശിയാണ് വധു. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാൻ പറ്റാത്തതിനെ തുടർന്ന് യുവാവ് മാറി നിന്നത് ആണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ വിഷ്ണുജിത്തിൻ്റെ മൊബൈൽ ഫോൺ ഓണായതിനെ തുടർന്നാണ് യുവാവ് തമിഴ്നാട്ടിലെ കൂനൂരിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. സഹോദരി വിളിച്ചപ്പോൾ വിഷ്ണുജിത്ത് ഫോണെടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് മലപ്പുറം പൊലീസ് സംഘം തമിഴ്നാട് പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടത്തുന്നത്. പാലക്കാട് ബസ്റ്റാൻ്റിൽ നിന്നും വിഷ്ണുജിത്ത് നാലാം തിയതി കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.