പീഡന ആരോപണം നിഷേധിച്ച് DYSP വി.വി ബെന്നി, മുട്ടിൽ മരം മുറി കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനുള്ള ഗൂഢാലോചന

മലപ്പുറം : തനിക്കെതിരെയുള്ള പീഡനാരോപണം ഗൂഢാലോചനയുടെ ഭാഗമായെന്ന് താനൂർ ഡിവൈ.എസ്.പി വി.വി ബെന്നി. പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ മരം മുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധവും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയും ആണെന്നാണ് വി.വി ബെന്നി ആരോപിക്കുന്നത്. സ്തീയുടെ പീഡനാരോപണത്തിന് എതിരെ ബെന്നി മലപ്പുറം എസ്.പി ക്ക് പരാതി നൽകി. മുട്ടിൽ മരം മുറിക്കേസ്സിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ചാനൽ ഉടമകളാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നാണ് ഡിവൈ.എസ്.പി പറയുന്നത്.

തിരൂർ ഡി.വൈ.എസ്.പി യായിരുന്നപ്പോൾ പൊന്നാനി എസ്. എച്ച്. ഒയ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്.പി സുജിത് ദാസ് നിർദ്ദേശം നൽകിയിരുന്നു. അന്ന് പരാതി വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. ഇതിനു പുറമേ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി പരാതി അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് സ്ത്രീയുടെ പരാതി തള്ളി പോവുകയായിരുന്നു.

2022 ഒക്ടോബറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനിൽ സ്ത്രീ പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ വീട്ടിലെത്തിയ ഇൻസ്പെക്ടർ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് ആരോപണം. പരാതി നൽകിയപ്പോൾ അന്നത്തെ തിരൂർ ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നും ഉപദ്രവിച്ചന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഇവർ രണ്ടു പേർക്കും എതിരെ പരാതി നൽകാനായി അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചപ്പോൾ അദ്ദേഹവും വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും സ്ത്രീയുടെ പരാതിയില്‍ ഉണ്ട്.

മലപ്പുറം മുൻ പോലീസ് മേധാവി സുജിത് ദാസ്, മുൻ തിരൂർ ഡി.വൈ.എസ്.പി വിവി ബെന്നി, പൊന്നാനി ഇൻസ്പെക്ടർ ആയിരുന്ന വിനോദ് വലിയാറ്റൂർ എന്നിവരുടെ പേരിലാണ് സ്ത്രീ പീഡനആരോപണം ഉന്നയിച്ചത്. ആരോപണം നിഷേധിച്ച് സുജിത് ദാസും രംഗത്തെത്തിയിരുന്നു. ”പൊന്നാനി സ്റ്റേഷനിൽ നിരന്തരം കേസുകളുമായി എത്തുന്ന സ്ത്രീയാണിത്. ഇപ്പോൾ നടക്കുന്നത് തന്‍റെ കുടുംബം തകർക്കാനുള്ള ശ്രമമാണ്. ഇതിനെ നിയമപരമായി നേരിടും ” മുൻ എസ് .പി സുജിത് ദാസ് വ്യക്തമാക്കി.
ആരോപണമുന്നയിച്ച സ്ത്രീ ഹണി ട്രാപ്പിന് ശ്രമിക്കുന്നവരാണ് എന്ന്   സി ഐ വിനോദ്  വലിയാറ്റൂരും പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. പരാതിക്കാരിക്കും അന്വേഷണമില്ലാതെ ക്രൂശിക്കുന്ന മാധ്യമങ്ങൾക്കും എതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും സി ഐ വിനോദ് പറഞ്ഞു.