RSS നേതാവിനെ സന്ദർശിച്ചത് സമ്മതിച്ച് എഡിജിപി; സ്വകാര്യ സന്ദർശനമാണെന്ന് എം.ആർ അജിത് കുമാർ

തിരുവനന്തപുരം : ആർഎസ്എസ് സെക്രട്ടറിയായ ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ ഡിജിപി എം .ആർ അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിലാണ് എഡിജിപി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ സന്ദർശനമാണ്, കൂടെ പഠിച്ച ഒരാളുടെ ക്ഷണപ്രകാരം പോയതാണെന്നുമാണ് നൽകിയ വിശദീകരണം. 2023 മെയ് 22 ആയിരുന്നു തൃശ്ശൂരിൽ വച്ച് എഡിജിപി ദത്താത്രേയ ഹൊ സബലയുമായി സന്ദർശനം നടത്തിയത്. പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദർശനം.

പ്രതിപക്ഷ നേതാവ്  വി.ഡി സതീശനാണ് തൃശ്ശൂരിൽ വച്ച് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടെന്ന് ആരോപണം കഴിഞ്ഞ ദിവസം ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി ആർഎസ്എസുമായുള്ള ചർച്ചയ്ക്ക് എഡിജിപിയെ നിയോഗിച്ചു എന്നതായിരുന്നു വി.ഡി സതീശന്റെ ആരോപണം. തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന് പ്രതിപക്ഷ നേതാവടക്കം ആരോപണം ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് ഡിജിപി ക്കും ഇന്റലിജൻസ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോർട്ട് നൽകുകയായിരുന്നു. ആർഎസ്എസ് നേതാവ് തൃശ്ശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം ആർ അജിത് കുമാർ അവിടെ എത്തി എന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് . ആർഎസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡിജിപി എത്തിയതെന്നും തൃശ്ശൂർ സ്പെഷ്യൽ ബ്രാഞ്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
എഡിജിപിയുടെ വാഹനത്തിൻറെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയൊക്കെ പോയെന്നതിന്റെ വിവരം ലഭ്യമാകുമെന്നതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി,പകരം വിജ്ഞാന ഭാരതി ഭാരവാഹി സ്വയം ഓടിച്ചു വന്ന കാറിൽ ആയിരുന്നു എം ആർ അജിത് കുമാറിന്റെ യാത്ര.