എഡിജിപി എം ആർ അജിത് കുമാറിനെതിരെയും, പി ശശിക്കെതിരെയും താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് എം.എൽ.എ പി .വി അൻവർ. ഇവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ച് രേഖാമൂലം പരാതി നൽകിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.
പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും പറഞ്ഞു.പാർട്ടിക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്, എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ,അന്തസ്സുള്ള ഒരു പാർട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്, ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി.വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതുകൂടാതെ “സംസ്ഥാനത്തെ പോലീസിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നത്. അവർ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നു. എന്തുകൊണ്ട് പോലീസ് തൃശ്ശൂർപൂരം കലക്കുന്നു. മുഖ്യമന്ത്രി തിരുത്തിയതിന് പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവർത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഞാൻ തുടങ്ങിയിട്ടേയുള്ളൂ നടപടികൾ ഉണ്ടാകട്ടെ . പോലീസിലെ ക്രിമിനലുകൾക്കെതിരെ താൻ നൽകിയ തെളിവ് പ്രകാരം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണ് . കേരള പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പർ പോലീസ് ആണ് ,അതിനാൽ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വരും ഒന്നാംതരം ആയിരിക്കുമെന്ന് പ്രതീക്ഷയുണ്ട്. അന്വേഷണം എങ്ങനെയാണ് നടക്കുന്നത് എന്ന് നോക്കട്ടെ ,സത്യസന്ധമായ അന്വേഷണം അല്ല നടക്കുന്നതെങ്കിൽ അന്വേഷണ സംഘം പൊതു സമൂഹത്തിനുമുന്നിൽ ചോദ്യം ചെയപ്പെടും. അതിനു മുന്നിലും താൻ ഉണ്ടാകും”. പി.വി അൻവർ കൂട്ടിച്ചേർത്തു.
ഗുരുതര ആരോപണങ്ങളാണ് എഡിജിപി എം ആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും എംഎൽഎ പി വി അൻവർ ആരോപിച്ചത്. ബോംബെ അധോലോകത്തെ കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ദാവൂദ് ഇബ്രാഹിമിനോടാണ് എം ആർ അജിത് കുമാറിനെ അൻവർ താരതമ്യപ്പെടുത്തിയത്. കൊടും ക്രിമിനലാണ് എം ആർ അജിത് കുമാറെന്നും അൻവർ പറഞ്ഞിരുന്നു. മാത്രമല്ല എഡിജിപിയുടെ ഭാര്യയുടെ ഫോൺ കോളുകളുടെ ഒരുവശത്ത് ബോംബെയിലെ കള്ളക്കടത്തുകാരുടെ സാന്നിധ്യമുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു.