ഉളുക്കിയതാണെന്ന് കരുതി, പാമ്പ് കടിയേറ്റ വിദ്യാർത്ഥിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് ദാരുണാന്ത്യം

ഇടുക്കി; വണ്ടിപ്പെരിയാറിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകനായ സൂര്യയാണ് മരിച്ചത്. വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥിയാണ് സൂര്യ. ഇക്കഴിഞ്ഞ 27ാം തിയ്യതി സ്കൂളിൽ നിന്നു മടങ്ങിയെത്തിയത് മുതൽ കാലിൽ നീരുണ്ടായിരുന്നു. കളിക്കുന്നതിനിടെ ഉളുക്കിയതാകാമെന്നൃ കരുതി ചികിത്സ തേടിയില്ല. നീര് കൂടിയതോടെ സ്കൂളിൽ പോകാതെ തിരുമ്മു ചികിത്സയും നടത്തി. ശരീരമാസകലം നീര് ബാധിച്ചതിനെ തുടർന്ന് ഞായറാഴ്ച സൂര്യയെ വണ്ടിപ്പെരിയാർ ഗവ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്ഥിതി വഷളായതോടെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പാമ്പുകടിയേറ്റാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്.

പതിനൊന്നു വയസ്സുകാരനായ സൂര്യ മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭർത്താവിനും ഒപ്പമായിരുന്നു താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന സൂര്യ പ്രവർത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയിരുന്നു.