ദിലീപുള്ള ഫോട്ടോക്ക് ‘ ടീം പവർ ഗ്രൂപ്പ് ‘ എന്ന തലക്കെട്ടോടെ ഫേസ് ബുക്ക് പോസ്റ്റ്

കൊച്ചി: മലയാള സിനിമ അടക്കി വാഴുന്നത് പവർ ഗ്രൂപ്പാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വന്ന പരാമർശം വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. പവർ ഗ്രൂപ്പിൽ മുഖ്യൻ ദിലീപാണെന്ന വിവരവും പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് ദിലീപ് അനുകൂലികളും രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിന്‍റെ ഡ്രൈവറും വലം കൈയുമായ അപ്പുണ്ണി എന്ന എ.എസ് സുനിൽരാജ് ഫേസ്ബുക്കിൽ ദിലീപിനോടൊപ്പം ഉള്ള ചിത്രം ‘ടീം പവർ ഗ്രൂപ്പ്’ എന്ന തലക്കെട്ടോടെ ഷെയർ ചെയ്തതാണ് ചര്‍ച്ചയാകുന്നത്.

ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്നു 2017 വരെ സിനിമാ സംഘടനകൾ എന്നായിരുന്നു ആരോപണം. ദിലീപിന്റെ ഇടപെടൽ മൂലം പൃഥ്വിരാജ്, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരങ്ങൾ നഷ്ടമായി, ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലും പവർ ഗ്രൂപ്പിൻറെ ഇടപെടൽ ഉണ്ടായി, ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തി, തുടങ്ങിയ വിവരങ്ങളും പുറത്തു വന്നിരുന്നു.

എഎം എംഎ ഉൾപ്പെടെ പല സിനിമാ സംഘടനകളും ദിലീപിൻറെ നിയന്ത്രണത്തിലായിരുന്നു, എഎംഎംഎ സെക്രട്ടറിയായിരുന്നു ഇടവേള ബാബുവിന് ഭാവന നേരിട്ട് പരാതി നൽകിയിട്ടും പരാതിയെ പരിഗണിച്ചില്ല,
പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്നും മാറ്റി നിർത്തി, എന്നിങ്ങനെ പോകുന്നു ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍.

15 അംഗ പവർ ഗ്രൂപ്പ് മലയാള സിനിമയിൽ ഉണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. ആരെ നായകൻ, നായിക ആക്കണം എന്നത് മുതൽ മലയാള സിനിമയിലെ സകല കാര്യവും നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നു. പവർ ഗ്രൂപ്പിനോട് ഏറ്റുമുട്ടാൻ മറ്റുള്ള ആർട്ടിസ്റ്റുകൾക്ക് ഭയമായിരുന്നു, സംവിധായകനെതിരെ പരാതി പറയാൻ സ്ത്രീകൾക്ക് സാധിക്കുമായിരുന്നില്ല, പരാതി പറഞ്ഞാൽ മിണ്ടാതിരിക്കാനും അഡ്ജസ്റ്റ് ചെയ്യാനുമാണ് നിർദ്ദേശിക്കുക. എന്നാൽ പുരുഷ സൂപ്പർ സ്റ്റാറുകൾക്കും സംവിധായകർക്കും പ്രൊഡ്യൂസർക്കും എന്തു വേണമെങ്കിലും ചെയ്യാം, അവരെ ആരും തന്നെ ഒന്നും പറയില്ലെന്നും റിപ്പോർട്ടിലെ മൊഴിയിലുണ്ട്. ദുരനുഭവം പുറത്തു പറഞ്ഞാൽ അവർക്ക് സിനിമയിൽ ആജീവനാന്ത വിലക്ക് ആയിരിക്കും ഫലമെന്നും ആരോപണം ഉയര്‍ന്നിരുന്നു.