മദ്യപിച്ച യാത്രക്കാരൻ സ്റ്റിയറിംഗ് പിടിച്ചു തിരിച്ചു, ബസ് ഇടിച്ചിട്ടത് 9 പേരെ..

മുംബൈ: നിയന്ത്രണം വിട്ട ബസ് 9 കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരം. മദ്യപിച്ച് ബസ്സിൽ കയറിയ യാത്രക്കാരൻ സ്റ്റിയറിംഗ് വീൽ പിടിച്ചു തിരിച്ചതിനെ തുടർന്നാണ് അപകടം. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട് കമ്പനിയുടെ കീഴിലുള്ള ഇലക്ട്രിക് ബസാണ് ലാൽബൗഗിന് സമീപം അപകടത്തിൽപ്പെട്ടത്.

മദ്യപിച്ച് യാത്രക്കാരൻ ബസ്സിൽ കയറുകയും ഡ്രൈവറോട് തർക്കിക്കുകയുമായിരുന്നു. തർക്കത്തിനിടെയാണ് സ്റ്റിയറിംഗ് പിടിച്ചു തിരിച്ചത്. ഇതേ തുടർന്ന് ബസ്സിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയും രണ്ട് ബൈക്കുകളെയും ഒരു കാറിനെയും ഇടിക്കുകയുമായിരുന്നു. ഇതു കൂടാതെ 9 കാൽനട യാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. മദ്യപിച്ച് എത്തിയ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.