പേമാരിയിൽ മുങ്ങി ആന്ധ്രയും തെലുങ്കാനയും; മരണ സംഖ്യ 25 ആയി, 140 ട്രെയിനുകൾ റദ്ദാക്കി

അതിശക്തമായ മഴയും പ്രളയവും കാരണം ആന്ധ്രയിലും തെലുങ്കാനയിലും മരണം കൂടുന്നു. ആന്ധ്രയിൽ 15 പേരും തെലുങ്കാനയിൽ 10 പേരും മരിച്ചതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് റോഡിലും റെയിൽപ്പാളത്തിലും വെള്ളം കയറിയതോടെ രണ്ട് സംസ്ഥാന ങ്ങളിലെയും റോഡ്,റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ മഴയെ തുടർന്ന് നദികളെല്ലാം കര കവിഞ്ഞൊഴുകിയ സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. 26 എൻ ഡി ആർ എഫ് സംഘങ്ങളെയാണ് ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും ശക്തമായ മഴ ഇരു സംസ്ഥാനങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

വിജയവാഡ -കാസിപ്പേട്ട് സെക്ഷനിലെ രായണപ്പാട് സ്റ്റേഷനിലെ വെള്ളക്കെട്ട് കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്ന് സർവീസ് നടത്തുന്ന പല ട്രെയിനുകളും റദ്ദ് ആക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22648 കൊച്ചുവേളി- കോർബ എക്സ്പ്രസ്, ട്രെയിൻ നമ്പർ 22815 ബിലാസ് പൂർ – എറണാകുളം എക്സ്പ്രസ്, സെപ്റ്റംബർ 4 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22816 എറണാകുളം – ബിലാസ്പൂർ എക്സ്പ്രസ് എന്നിവയും പൂർണമായി റദ്ദാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളിലെ സൗത്ത് സെൻട്രൽ റെയിൽവേ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴി തിരിച്ചു വിട്ടതായും റെയിൽവേ അധികൃതർ അറിയിച്ചു.