‘ചോദ്യം ചെയ്യല്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ല, ജയിലിലെ ഭക്ഷണം പിടിക്കുന്നില്ല’ വനിതാ ഡോക്ടറെ കൊന്ന പ്രതിയുടെ പരാതി

കൊൽക്കത്ത; ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. പ്രസിഡന്‍സി കറക്ഷന്‍ ഹോമില്‍ കഴിയുന്ന സഞ്ജയ് പറഞ്ഞ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘കൊല്‍ക്കത്ത പൊലീസും സിബിഐയും കഴിഞ്ഞ രണ്ടാഴ്ചയായി പകലും രാത്രിയും തന്നെ നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്, അതിനാല്‍ ഉറങ്ങാന്‍ സാധിക്കുന്നില്ല, ജയിലിലെ ഭക്ഷണം തനിക്ക് പിടിക്കുന്നില്ല, റൊട്ടിക്കും പച്ചക്കറിക്കും പകരം മുട്ട നല്‍കണം’ എന്നുമാണ് ഇയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.

അതീവ സുരക്ഷയുള്ള സെല്ലാണ് ഇയാൾക്ക് നൽകിയിട്ടുള്ളത്. സഞ്ജയ് യുടെ അടുത്ത സുഹൃത്താണ് ജയിലിലെ എഎസ് ഐ അനുപ് ദത്ത എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ഇയാളെയും സിബിഐ നുണ പരിശോധനക്ക് വിധേയനാക്കും. നേരത്തെ തന്നെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ കൃത്യത്തെക്കുറിച്ച് ഇയാള്‍ക്ക് നേരത്തെ അറിവുണ്ടോ എന്നതാണ് സിബിഐയ്ക്ക് അന്വേഷിക്കാനുള്ളത്. കൂടാതെ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു.