വയനാട് ദുരന്തത്തിന് ഒരു മാസം; പുരധിവാസത്തിന് സർക്കാർ 2 ടൗൺഷിപ്പ് നിർമ്മിക്കും

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ നടന്നിട്ട് ഇന്നേക്ക് ഒരു മാസം.
400ല്‍ അധികം പേർക്കാണ് കേരളം കണ്ട വലിയ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ഇനിയും78 പേരെ കണ്ടെത്താനുണ്ട്.
62 കുടുംബങ്ങളില്‍ ഒരാൾ പോലും ഇല്ലാതെയായി. 145 വീടുകൾ പൂർണമായി തകർന്നു. മഴ തിമര്‍ത്തു പെയ്ത ഒരു ദിനത്തില്‍ നേരം ഇരുട്ടി വെളുത്തപ്പോൾ മുണ്ടക്കൈയിലയും ചൂരൽ മലയിലെയും ജനങ്ങൾക്ക് നഷ്ടമായത് അവരുടെ സ്വപ്നങ്ങളും മുന്നോട്ടുള്ള ജീവിതവും ഒരായുസ് കൊണ്ട് സ്വരുക്കൂട്ടി ഉണ്ടാക്കിയതെല്ലാമാണ്. പുഞ്ചിരിമട്ടം, ചൂരൽമല മുണ്ടക്കൈ, വെള്ളാർമല എന്നീ പ്രദേശങ്ങളെല്ലാം ഉരുൾ വിതച്ച നാശത്തിൽ ഒലിച്ചു പോയി.

വയനാട് പുനരധിവാസത്തിന് രണ്ടു ടൗൺഷിപ്പാണ് സർക്കാർ നിർമ്മിക്കുക. ഇതിനായി രണ്ടു സ്ഥലങ്ങൾ മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിൽ നെടുമ്പോല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ എൽസ്റ്റോൺ എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പ് നിർമ്മിക്കുക.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭാവിയിൽ രണ്ടാമത്തെ നില കൂടി പണിയാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. നിർമ്മിക്കുന്ന വീടുകൾ ഒരേ രീതിയിലായിരിക്കുമെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.വീട് ഇല്ലാതായവർക്കാണ് ആദ്യ മുൻഗണന നൽകുക, മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിലാണ് പുനരധിവാസത്തിനായി പരിഗണിക്കുക. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിലുറപ്പ് വരുത്തും.

കച്ചവടത്തിനായി വാടക കെട്ടിടങ്ങളെ ആശ്രയിച്ചവരെയും പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും.
ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടുത്തവരുടെ കട എഴുതി തള്ളുന്നതിന് റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധന മന്ത്രാലത്തേയും ബന്ധപ്പെടും. ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ സ്പെഷ്യൽ പാക്കേജ് ആണ് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.