ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. സാക്ഷി എന്ന അർത്ഥം വരുന്ന ‘വിറ്റ്നസ്’ എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിട്ടുള്ളത്. ഒക്ടോബറിലാണ് ആത്മകഥ പുറത്തിറങ്ങുന്നത്. ജഗ്വർനോട്ട് ബുക്സാണ് പ്രസാധകർ. ജൊനാതൻ സെൽവരാജുമായി ചേർന്നാണ് പുസ്തകം എഴുതിയത്.
ജീവിതത്തിലെ ഉയർച്ച താഴ്ചകളും പോരാട്ടങ്ങളും പുസ്തകത്തിൽ പ്രതിപാതിക്കുന്നുണ്ടെന്ന് സാക്ഷി പറയുന്നു. കൂടാതെ റോത്തിക്കിലെ ഗുസ്തിയുടെ കഥകൾ, കുട്ടിക്കാല ജീവിതം, റിയോ ഒളിംപിക്സിലെ വിജയം, പരിക്കിനോടും മറ്റുമുള്ള പോരാട്ടങ്ങളും വിജയങ്ങളും, ഡൽഹി തെരുവിൽ ദേശീയ ഗുസ്തി ഫെഡറേഷനെതിരെ നടത്തിയ സമരങ്ങൾ തുടങ്ങിയവയെല്ലാം ആത്മകഥയിൽ പറയുന്നുണ്ട്.
ജഗ്വർനോട്ട് ബുക്‌സിൻ്റെ പ്രസാധകനായ ചിക്കി സർക്കാർ സാക്ഷിയുടെ ആത്മകഥയെ കുറിച്ചുള്ള ആമുഖത്തിൽ പറയുന്നത് “നമ്മളുടെ കാലത്തെ മഹത്തായ ഓർമ്മ കുറിപ്പുകളിലൊന്ന്” എന്നാണ്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായ ബ്രിജ് ഭൂഷണിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 2023 ഡിസംബറിൽ സാക്ഷി പ്രൊഫഷണൽ ഗുസ്തി ഉപേക്ഷിക്കുകയായിരുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പോഡിയത്തിൽ ഷൂ അഴിച്ചു വെച്ചായിരുന്നു താരത്തിന്‍റെ അസമയത്തുള്ള വിരമിക്കൽ പ്രഖ്യാപനമുണ്ടായത്.