മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.. മുൻകൂർ ജാമ്യം നേടാനുള്ള നീക്കവുമായി നടൻമാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ നിരവധി നടന്മാർക്കെതിരെയാണ് ലൈംഗിക ആരോപണവുമായി നടിമാർ രംഗത്ത് വന്നത്. അതിലൊരാളായ നടനും എംഎൽഎയും ആയ മുകേഷ് രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധവും ഇന്നും ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയത്. തനിക്ക്    എതിരെയുണ്ടായ ആരോപണം കള്ളമാണ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തന്‍റെ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ബ്ലാക്ക്മെയിൽ ചെയ്തതിന്റെ തെളിവുകൾ അഭിഭാഷകരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കിയതായാണ്.അതിനിടെ പ്രതിഷേധത്തിനുളള സാധ്യത കണക്കിലെടുത്ത് മുകേഷിന്റെ തിരുവനന്തപുരത്തെയും കൊല്ലത്തെയും വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ലൈംഗിക ആരോപണങ്ങൾക്ക് വിധേയരായ മറ്റ് താരങ്ങളായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ,ഇടവേള ബാബു തുടങ്ങിയവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ ശ്രമിക്കുന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാലാണ് താരങ്ങൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ആരോപണ വിഷയത്തിൽ എല്ലാവരും അഭിഭാഷകരുമായി ചർച്ച നടത്തിക്കഴിഞ്ഞു. എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് മുകേഷിന്‍റെ   നീക്കം.