ബഹിരാകാശത്ത് നടക്കാൻ മലയാളി മരുമകളും.. പങ്കാളിയാകുന്നത് ചരിത്ര ദൗത്യത്തില്‍

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയായ മെഡിക്കൽ വിദഗ്ധൻ ഡോക്ടർ അനിൽ മേനോന്റെ പങ്കാളിയായ അന്ന മേനോനും ഭാഗമാകുന്നു. സ്പേയ്സ് എക്സ് എൻജിനീയറാണ് അന്ന മേനോൻ. അതിനിടെ, അമേരിക്കൻ ശതകോടീശ്വരൻ ജെറാഡ് ഐസക്മാന്റെ സ്വപ്ന പദ്ധതിയായ ബഹിരാകാശ യാത്ര വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്. പേടകത്തിലെ ഹീലിയം ചോർച്ചയെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന ദൗത്യം മാറ്റിവെച്ചത്.

സ്പേസ് എക്സിൽ ചേരുന്നതിനു മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ബയോ മെഡിക്കൽ ഫ്ലൈറ്റ് കൺട്രോളറായി ഏഴ് വർഷം നാസയിൽ അന്ന ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്പേയ്സ് എക്സിലെ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറാണ് അന്ന. കൂടാതെ ക്രൂ ഓപ്പറേഷൻസ്, മിഷൻ ഡറക്ടർ എന്നീ റോളുകളിലും അന്ന പ്രവർത്തിക്കുന്നുണ്ട്.
ബഹിരാകാശ യാത്രയ്ക്കായി ഉപയോഗിക്കുന്ന എയർ ക്രാഫ്റ്റുകളിൽ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പ്രവർത്തനങ്ങളും അന്നയുടെ ചുമതലയാണ്.

അന്ന അടക്കമുള്ള നാൽവർ സംഘമാണ് ചരിത്രത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിന്റെ ഭാഗമാകുന്നത്. അഞ്ചുദിവസത്തെ മിഷനാണിത്. മനുഷ്യൻ ഇന്നേവരെ എത്തിയിട്ടുള്ള ദൂരവും കടന്ന് ബഹിരാകാശത്ത് നടക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദൗത്യം വിജയിച്ചാൽ സ്വകാര്യ സ്ഥാപനങ്ങൾക്കും ബഹിരാകാശ ദൗത്യം നടത്താമെന്ന സാധ്യതയാണ് തുറക്കപ്പെടുക.