തിരുവനന്തപുരം; കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് കാണാതായി വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ 13 വയസ്സുകാരിക്ക് മാതാപിതാക്കളുടെ കൂടെ പോകാൻ താല്പര്യമില്ലെന്ന് വെളിപ്പെടുത്തല്‍. സിഡബ്ല്യുസി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ‘മാതാപിതാക്കളുടെ കൂടെ പോകാൻ തനിക്ക് താല്പര്യമില്ല. അമ്മ കുറേ ജോലികൾ തന്നെക്കൊണ്ട് ചെയ്യിപ്പിക്കും. കൂടാതെ അടിക്കുകയും ചെയ്യും’ പെണ്‍കുട്ടി വ്യക്തമാക്കി.
സിഡബ്ല്യുസിയുടെ കീഴിൽ നിന്ന് കേരളത്തിൽ പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്നും കുട്ടി
പറഞ്ഞതായി സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ വ്യക്തമാക്കി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും.
കുട്ടിയുടെയും മാതാപിതാക്കളുടെയും വിശദമായ കൗൺസിലിങ്ങിന് ശേഷമായിരിക്കും മറ്റു തീരുമാനങ്ങളെടുക്കുക .ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ കുട്ടി തുടരുന്നതിൽ കുഴപ്പമില്ലെന്ന് കുട്ടിയുടെ അമ്മയും പറഞ്ഞു.
അസം സ്വദേശികളുടെ മൂന്ന് കുട്ടികളെ കൂടെ ഏറ്റെടുക്കാൻ സിഡബ്ല്യുസി തീരുമാനിച്ചിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും സിഡബ്ല്യുസി ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നിന്ന് കഴക്കൂട്ടം എസ്ഐ വി എസ് രഞ്ജിത്തിൻ്റെ നേതൃത്വത്തില്‍ രണ്ട് വനിത പൊലീസുകാര്‍ അടങ്ങുന്ന നാലംഗ സംഘമാണ് പെൺകുട്ടിയെ ഏറ്റെടുത്ത് കേരള എക്സ്പ്രസിൽ നാട്ടിലെത്തിച്ചത്.