നടൻ ബാബുരാജിനും ഷൈൻ ടോം ചാക്കോക്കും എതിരെയും ലൈംഗിക ആരോപണം.. ജൂനിയർ ആർട്ടിസ്റ്റാണ് ആരോപണവുമായി രംഗത്തെത്തിയത്

പ്രമുഖ നടന്മാരായ ബാബുരാജിനും ഷൈൻടോം ചാക്കോക്കും സംവിധായകന്‍ ശ്രീകുമാറിനുമെതിരെ  ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. ചാൻസ് തരാമെന്ന് പറഞ്ഞ് ബാബുരാജ് ആലുവയിലുള്ള തന്‍റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. തിരക്കഥാകൃത്തും സംവിധായകനും തന്‍റെ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിളിച്ചത്. മുഴുനീള കഥാപാത്രമാണ് വാഗ്ദാനം ചെയ്തത്.
റസ്റ്റ് എടുക്കാൻ മുറിയിൽ കയറിയ തന്നെ റൂമില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. ഇതിനു മുൻപ് നിരവധി പെൺകുട്ടികൾ ഇയാളുടെ പിടിയിൽ അകപ്പെട്ടു പോയിട്ടുണ്ട്. പേടികൊണ്ടാണ് ഒന്നും പുറത്തു പറയാതിരുന്നതെന്നും യുവതി പറഞ്ഞു.

ബാബുരാജിന് ഒപ്പം തന്നെ യുവതി ആരോപണം ഉന്നയിക്കുന്ന മറ്റൊരു പേരാണ് ഷൈൻ ടോം ചാക്കോയുടേത്. ഷൈൻ ടോം ചാക്കോയോടൊപ്പം രണ്ട് ദിവസം ചില്ല് ചെയ്യാമെന്ന് പറഞ്ഞ് പലരും വിളിക്കുകയുണ്ടായി. ഷൈൻ ടോം ചാക്കോയുടെ പേരിൽ ചാൻസ് ഉണ്ടെന്നും പറഞ്ഞ് കൊച്ചിയിൽ നിന്നും നിരവധി പേർ വിളിച്ചിരുന്നു. ഇതെല്ലാം ഷൈൻ ടോം ചാക്കോയുടെ അറിവോടെ ആയിരുന്നെന്നും യുവതി പറയുന്നു.

പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന മറ്റൊരാളാണ് സംവിധായകൻ ശ്രീകുമാറെന്നും യുവതി വെളിപ്പെടുത്തി. തന്നെ മോളെ എന്ന് വിളിച്ചായിരുന്നു സംസാരിച്ചിരുന്നത്. അതിനാൽ തന്നെ സംശയമൊന്നും തോന്നിയിരുന്നില്ല. പിന്നീടാണ് മോളേ എന്ന് വിളിച്ചതിന്റെ അർത്ഥം തനിക്ക് മനസ്സിലായത് എന്നും യുവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് നിരവധി നടന്മാരുടെ പേരുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.