കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. പ്രതി സംഭവദിവസം നാലു മണിയോടെയാണ് ആശുപത്രിയിൽ എത്തിയത്, ഈ ദൃശ്യമാണ് ഇപ്പോൾ പോലീസിന് ലഭിച്ചത്. പ്രതി കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ ചുറ്റിയിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് പ്രാഥമിക അന്വേഷണത്തിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ കണ്ടെത്തിയിട്ടുണ്ട് . തെളിവുകളെല്ലാം വെച്ചാണ് പോലീസ് പ്രതി സഞ്ജയ് റോയിയാണെന്ന് മനസ്സിലാക്കി അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെ നാലു മണിക്കാണ് സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാണാൻ സാധിക്കും. ജീൻസും ടി ഷർട്ടുമാണ് ധരിച്ചിരുന്നത്. സെമിനാർ ഹാൾ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ മൂന്നാം നിലയിൽ ഓഗസ്റ്റ് ഒമ്പതാം തീയതി പുലർച്ചെ 4:03 മുതൽ 4:32 വരെ സഞ്ജയ് റോയ് ഉണ്ടായിരുന്നതായും വ്യക്തമായി. ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ ദിവസം രാത്രി ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് പ്രതി ലൈംഗിക തൊഴിലാളികളെ സന്ദർശിച്ചിരുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയടക്കം ഏഴുപേരുടെ നുണ പരിശോധന തുടങ്ങി. സഞ്ജയ് റോയ്,മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, കൊല്ലപ്പെട്ട യുവ ഡോക്ടറുടെ സഹപാഠികളായ നാല് ഡോക്ടർമാർ , മുഖ്യപ്രതി സഞ്ജയ് റോയിക്കൊപ്പമുണ്ടായിരുന്ന ഒരു സിവിക് വോളന്റിയർ എന്നിവർക്കാണ് നുണ പരിശോധന.