വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ

ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് താരം വിരമിക്കുകയാണെന്ന് എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അറിയിച്ചത്. എല്ലാവരും നൽകിയ സ്നേഹത്തിനു പിന്തുണയ്ക്കും നന്ദി എന്നും വീഡിയോയിൽ പറഞ്ഞു.

“ഇന്ത്യക്കുവേണ്ടി കളിക്കുക എന്ന ഒരു ലക്ഷ്യം എപ്പോഴും മനസ്സിലുണ്ടായിരുന്നു, കഥ മുന്നോട്ട് പോകണമെങ്കിൽ താളുകൾ മറക്കേണ്ടതുണ്ട്, അതാണ് താനിപ്പോൾ ചെയ്യുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നു ” ഇതായിരുന്നു ധവാന്റെ വാക്കുകൾ.

2010 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് ശിഖർ ധവാൻ. അരങ്ങേറ്റ ടെസ്റ്റിൽ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികൾ ധവാൻ തന്റെ 13 വർഷം നീണ്ട രാജ്യാന്തര കരിയറിൽ നേടിയിട്ടുണ്ട്. 2004ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ 3 സെഞ്ച്വറികളോടെ 505 റൺസ് അടിച്ചാണ് ധവാൻ രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഏകദിനത്തിൽ 2010 ലും ടി20 യിൽ 2011 ലും ടെസ്റ്റിൽ 2013 ലുമാണ് ശിഖർ ധവാൻ അരങ്ങേറ്റം കുറിച്ചത്.

ശിഖർ ധവാന് ഐപിഎല്ലിൽ മികച്ച ബാറ്റിംഗ് റെക്കോർഡുണ്ട്. ഡിസംബർ 2022 ലായിരുന്നു ധവാൻ അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
വിരമിക്കൽ പ്രഖ്യാപിച്ച വേളയിൽ ഇടം കൈയൻ ബാറ്റർ പറഞ്ഞത് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നാണ്.