രഞ്ജിത്തിന് കുരുക്ക് മുറുകും ? ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് സജി ചെറിയാൻ

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്നലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളി നടി ശ്രീലേഖ മിത്ര. ഇന്നലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ തനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. സംവിധായകൻ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈയിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടി എന്നും മാധ്യമങ്ങളോട് നടി പറഞ്ഞു. നടി അഭിനയിച്ച ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ രഞ്ജിത്ത് നടിയെ പാലേരി മാണിക്യത്തിലേക്ക് അഭിനയിക്കാനായി വിളിക്കുന്നത്.

“ഓഡിഷൻ കഴിഞ്ഞ ശേഷം, രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടി കാഴ്ച നടത്തി. മലയാള സിനിമ തനിക്ക് വളരെ ഇഷ്ടമായിരുന്നു മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ പോകുന്നതിൽ സന്തോഷവും ഉണ്ടായിരുന്നു. വൈകിട്ട് അണിയറ പ്രവർത്തകർക്കായി ഒരു പാർട്ടിയിൽ പങ്കെടുക്കാൻ നിർമാതാവിന്റെ ക്ഷണം ഉണ്ടായിരുന്നു. അവിടേക്ക് താൻ എത്തിയപ്പോൾ റൂമിലേക്ക് വരാൻ രഞ്ജിത്ത് ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ഡിസ്കസ് ചെയ്യാൻ ആണെന്ന് കരുതി റൂമിലെത്തി. പക്ഷേ അവിടെ വെച്ച് അദ്ദേഹം കയ്യിൽ തൊട്ടു വളകൾ പിടിച്ചു അത് വളരെ പ്രയാസം ഉണ്ടാക്കി പെട്ടെന്ന് പരിഭ്രമിച്ചത് കൊണ്ട് പ്രതികരിക്കാൻ സാധിച്ചില്ല, ” ഇതാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ ബംഗാളി നടിയുടെ ലൈംഗിക ആരോപണനത്തിനോട് പരാതി ലഭിക്കാതെ കേസ് എടുക്കാൻ സാധിക്കില്ലെന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നത്. പിന്നാലെ തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.