സാനിറ്ററി പാഡിന് ‘കരിങ്കാളി’ പാട്ട്; നടിയുടെ കമ്പനിക്കെതിരെ നിർമ്മാതാക്കൾ

നടി നയൻതാരയുടെ കമ്പനി പരസ്യത്തിനായി കരിങ്കാളിയല്ലേ എന്ന പാട്ട് ഉപയോഗിച്ചതിന് പാട്ടിന്‍റെ നിർമ്മാതാക്കൾ പരാതി നൽകി. പാട്ട് ഉപയോഗിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

കരിങ്കാളിയല്ലേ എന്ന പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തതായിരുന്നു. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും ആളുകൾ ഈ പാട്ടിനനുസരിച്ച് റീൽസും എടുക്കാൻ തുടങ്ങി. പിന്നീട് ആവേശം സിനിമയിലും ഈ പാട്ട് ഉപയോഗിച്ചതോടെ വീണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി കരിങ്കാളി പാട്ട്.

പക്ഷേ നയൻതാരയുടെ കമ്പനി പാട്ട് സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചതോടെ കഥ മാറിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ നയൻതാരയുടെ കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പാട്ടിന്‍റെ നിർമ്മാതാക്കളുടെ തീരുമാനം.