ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോ ; ഒറ്റ ദിവസം കൊണ്ട് നേടിയത് 16 മില്യണും ഡയമണ്ട് പ്ലേ ബട്ടണും..

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ UR · Cristiano എന്ന യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ഇന്നലെ ചാനൽ തുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കടക്കുകയും ചെയ്തു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യൂട്യൂബ് ചാനലിൽ ഇതുവരെ 19 വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരാണ് ക്രിസ്റ്റ്യാനോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിലാണ് യൂട്യൂബ് ചാനലിന്റെ ഡയമണ്ട് പ്ലേബട്ടൺ താരം സ്വന്തമാക്കിയിരിക്കുന്നത്.

ഗോൾഡ് പ്ലേബട്ടൺ തുറക്കുന്നതിന്റെ വീഡിയോ താരം ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ കുടുംബത്തിനൊപ്പമാണ് ഗോൾഡൺ പ്ലേബട്ടൺ തുറന്നത്. റൊണാഡോയുടെ മക്കൾ സന്തോഷത്തോടെ തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം.‘എൻ്റെ കുടുംബത്തിന് ഒരു സമ്മാനം. എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി!’, താരം കുറിച്ചു.

യൂട്യൂബിൽ താനിടുന്ന വിഡിയോകളുടെ കണ്ടന്റ് ഫുട്ബാൾ മാത്രമായിരിക്കില്ലെന്നും കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ കാര്യങ്ങളും ഉൾപ്പെടുമെന്ന് താരം അറിയിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലായി 917 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്‌ക്കുള്ളത്.