മാപ്പ് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷന് അൻവർ എംഎൽഎയുടെ പരിഹാസം; ഫേസ്ബുക്കിൽ കേരളത്തിൻ്റെയും മലപ്പുറത്തിൻ്റേയും നിലമ്പൂരിൻ്റെയും മാപ്പുമായി അൻവർ

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് എംഎൽഎയുടെ പരിഹാസം. ‘കേരളത്തിന്റെ മാപ്പുണ്ട്‌, മലപ്പുറം മാപ്പുണ്ട്‌, നിലമ്പൂരിന്റെ മാപ്പുണ്ട്‌. ഇനിയും വേണോ മാപ്പ്‌.’-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കി. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും അസോസിയേഷൻ തീരുമാനിച്ചു. ഇതിൽ പ്രകോപിതനായാണ് ഫേസ്ബുക്കിൽ മാപ്പ് ചിത്രങ്ങളുമായി അൻവർ എംഎൽഎ രംഗത്തെത്തിയത്.