മമ്മൂട്ടിക്കും പൃഥിരാജിനും സാധ്യത.. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് 3 മണിക്ക് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത സിനിമകളാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി ഇഞ്ചോടിഞ്ചു മത്സരമാണ് മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും തമ്മില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൻ പകൽ നേരത്തെ മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്കാരത്തിനായി പരിഗണിക്കുന്നതില്‍ പ്രധാനം. നൻ പകൽ നേരത്ത് മയക്കത്തിൽ ഇരട്ട വേഷ പകർച്ചയിലൂടെ മികച്ച അഭിനയത്തിന് മമ്മൂട്ടി പ്രശംസ പിടിച്ചു പറ്റിയിരുന്നു. കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരത്തിൽ സജീവമായി നിര്‍ത്തുന്നത്. കാന്താരക്ക് പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും കാന്താരയ്ക്ക് ലഭിച്ചിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് തന്നെയാണ് പ്രഖ്യാപിക്കുന്നതെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. ഇന്ന് പന്ത്രണ്ട് മണിക്കാണ് . മന്ത്രി സജി ചെറിയാന്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. സംസ്ഥാന പുരസ്കാരത്തിലും കടുത്ത മത്സരമാണ് നടക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം, പാർവതി തിരുവോത്ത്, ഉർവ്വശി എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച ഉള്ളൊഴുക്ക്, മമ്മൂട്ടിയുടെ കാതൽ ദ കോർ , പ്രളയം പ്രമേയമാക്കിയ 2018 എവരിവൺ ഈസ് എ ഹീറോ, കുഞ്ചാക്കോ ബോബന്റെ ചാവേർ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പടെ അവസാന പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. 160 ചിത്രങ്ങളാണ് പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടത്. ഹിന്ദി സംവിധായകനും തിരകഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാരങ്ങള്‍ക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.