തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ശനിയാഴ്ച പുറത്ത് വിടും. റിപ്പോർട്ടിന്റെ 233 പേജ് മാത്രമാണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് അപേക്ഷിച്ചവർക്ക് കൈമാറുക. ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെയുള്ള ഹർജി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ പുറത്ത് വിടണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി പഠന റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞെങ്കിലും സർക്കാർ അത് ഇതു വരെ പ്രസിദ്ധീകരിച്ചിരുന്നില്ല
റിപ്പോർട്ട് പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
നിർമ്മാതാവ് സജിമോൻ പാറയിലാണ് വിവരങ്ങൾ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവിട്ടാൽ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആകും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നൽകിയിട്ടുള്ളത്.
റിപ്പോർട്ട് പുറത്തുവിട്ടാൽ സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതിന്റെയും ലംഘനമാകുമെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് ഹർജിക്കാരന് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം ഇല്ലെന്നാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ വാദിച്ചത്. പൊതു താൽപര്യത്തെ കുറിച്ചാണ് പറയുന്നത്. അതെങ്ങനെയാണ് ഹർജിക്കാരനെ ബാധിക്കുന്നത് എന്ന് പറയുന്നുമില്ല. ഹർജിക്കാരൻ കമ്മീഷനിൽ കക്ഷിയല്ല. തന്റെ താല്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേൾക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരാവകാശ കമ്മീഷൻ കോടതിക്ക് മുമ്പിൽ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിർദ്ദേശം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷൻ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.