ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷം; രാഹുലിനോട് അനാദരവ് കാണിച്ചതായി ആക്ഷേപം

ഡല്‍ഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പിന്നിലിരുത്തി രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചതായി പരാതി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുൽ ഗാന്ധിക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കണമെന്നതാണ് പ്രോട്ടോകോൾ. എന്നാൽ അത് ചെയ്യാതെ പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.

ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ കുര്‍ത്തയും സ്യൂട്ടും ധരിച്ചായിരുന്നു രാഹുല്‍ ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. മുൻ നിരയിൽ സീറ്റ് നല്‍കാതെ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ മനു ഭക്കർ, സരബ്ജ്യോത്സിങ് എന്നിവരോടൊപ്പം അവസാന നിരയിലാണ് രാഹുലിന് ഇരിപ്പിടം അനുവദിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ് ജയശങ്കർ എന്നിവർക്ക് മുൻ നിരയില്‍ സീറ്റ് അനുവദിച്ചിരുന്നു. ഈ വീഡിയോ പുറത്തു വന്നതോടെയാണ് പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് വിമർശങ്ങളുണ്ടായത്. ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പി.ആർ ശ്രീജേഷ് എന്നിവരെയും വീഡിയോയില്‍ രാഹുൽ ഗാന്ധിക്കൊപ്പം കാണാം.

രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം സോഷ്യൽ മീഡിയയിൽ ചര്‍ച്ച ആയതോടെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നു. ഒളിമ്പിക്‌സ് മെഡൽ ജേതാക്കൾക്ക് മുൻ നിരയിലെ സീറ്റുകൾ കൊടുത്തതു കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പിന്നീലെ സീറ്റ് നൽകിയതെന്നാരുന്നു പ്രതിരോധ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കിയത്.