78ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി

ന്യൂഡൽഹി: രാജ്യം 78ാo സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടിലെ രാഷ്ട്ര പിതാവിന്റെ സ്മാരകത്തിൽ പുഷ്പാർച്ച നടത്തി. അതിനു ശേഷം ചെങ്കോട്ടയിൽ എത്തി പതാക ഉയർത്തിയ പ്രധാനമന്ത്രി പ്രത്യേകം സജജീകരിച്ച വേദിയിൽ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. വികസിത ഭാരതം – 2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രമേയം. 6000 പേർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് പാരിസ് ഒളിമ്പിക്സിൽ മത്സരിച്ചവരും ചടങ്ങിലുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ തുടർ ഭരണം ഉണ്ടാകുമെന്ന ആത്മവിശ്വാസം നിറഞ്ഞു നിന്നു. രാജ്യത്തിന്‍റെ നേട്ടങ്ങൾ അടുത്ത തവണ ചെങ്കോട്ടയിൽ പ്രദർശിപ്പിക്കും എന്നും താൻ തുടങ്ങിവച്ച പദ്ധതികളുടെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ദുരന്തബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേർക്ക് അവരുടെ സർവ്വതും നഷ്ടപ്പെട്ടു. രാജ്യം അവരുടെ കൂടെ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘2047 ആവുമ്പോഴേക്കും ഇന്ത്യ വികസിത ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കും.
ലോകത്തിലെ ശക്തമായ ബാങ്കുകളിൽ ഇന്ത്യൻ ബാങ്കുകളും ഇടം പിടിച്ചു. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുമ്പോൾ കുടുംബത്തിലെ തീരുമാനങ്ങൾ എടുക്കുന്ന സംവിധാനത്തിന്റെ ഭാഗമാകും. ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി ഉയർത്തി. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുക മാത്രമല്ല ചെയ്യുന്നത്. അവർക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
അടുത്ത 5 വർഷത്തിനകം ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ 75,000 സീറ്റുകൾ വർദ്ധിപ്പിക്കും. പോഷകാഹാര കുറവ് തുടച്ചു മാറ്റാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 2036 ലെ ഒളിമ്പിക്സിന് ഇന്ത്യ ഹോസ്റ്റ് ആകണം . അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രാജ്യമെന്നും’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.