ദുരന്ത ഭൂമിയില്‍ ചെളിയിൽ പുതഞ്ഞ നിലയിൽ 4 ലക്ഷം രൂപ ; പണം ആരുടേതെന്ന് വ്യക്തമല്ല

വയനാട് ദുരന്തത്തിൽ ഒരായുഷ്കാലത്തിന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി പോയവർ നിരവധിയാണ്. അവർ പോയെങ്കിലും അവർ ജീവിച്ച ജീവിതങ്ങളുടെ ബാക്കിപത്രം എന്ന പോലെ അവരുടെ സമ്പാദ്യവും മറ്റും മണ്ണിനടിയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ നാലു ലക്ഷം രൂപയുടെ നോട്ടു കെട്ടുകളാണ് ചൂരൽ മലയിൽ നിന്ന് അഗ്നിരക്ഷാസേന കണ്ടെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുഴയോരത്തു നിന്നാണ് നോട്ടുൾ കണ്ടെത്തിയത്. പാറക്കെട്ടുകൾക്കും വെള്ളത്തിനും ഇടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം.

പ്ലാസ്റ്റിക് കവറിൽ ആയതിനാൽ നോട്ടുകള്‍ക്ക് കൂടുതൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. പക്ഷേ ചെളി നിറഞ്ഞ നിലയിലാണ്. പാറക്കെട്ടിൽ കുടുങ്ങി കിടന്നത് കൊണ്ടാണ് ഒഴുകി പോകാതിരുന്നത് എന്നാണ് അഗ്നിരക്ഷ സേനാംഗങ്ങൾ പറയുന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷാണ് പണം അടങ്ങിയ കവർ കണ്ടെത്തിയത്. 500 ന്റെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും നൂറിന്റെ നോട്ടുകൾ അടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.

പണം ആരുടേതാണെന്ന് നിലവില്‍ വ്യക്തമായിട്ടില്ല. തുടർനടപടികൾക്കായി തുക പോലീസ് ഏറ്റെടുത്തിരിക്കുകയാണ്. പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. പണം കിട്ടിയ ഭാഗം മാർക്ക് ചെയ്തു കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടര്‍ന്ന് നിരവധി പേർക്കാണ് പണവും സ്വർണവും അടക്കം വിലപ്പിടിപ്പുള്ള വസ്തുക്കൾ നഷ്ടമായത്. അങ്ങനെ നഷ്ടപ്പെട്ട ആരുടെയെങ്കിലും ആയിരിക്കാം ഈ പണമെന്നാണ് നിഗമനം.