അർജുനെ ഇന്ന് കണ്ടെത്തുമോ..? ഇന്നും തിരച്ചിൽ തുടങ്ങി

 

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ തന്നെ തുടങ്ങി. മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘവും പുഴയിൽ ഇറങ്ങി. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെയാണ് മാല്‍പെയുടെ തിരച്ചില്‍. കാലാവസ്ഥ അനുകൂലമാണെന്നാണ് തിരച്ചിലിനിറങ്ങിയ മാൽപെ പറഞ്ഞത്. ആദ്യം പരിശോധിക്കുക പുഴയിൽ ഇന്നലെ ജാക്കിയും ഡീസലിന്‍റെ സാന്നിധ്യവും കണ്ടെത്തിയ സ്ഥലമാണ്. ഈശ്വർ മാൽപെയുടെ സംഘത്തിന്റെ കൂടെ നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻ ഡി ആർ എഫ് സംഘവും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും.

ഇന്നലെ വൈകീട്ട് നടത്തിയ തിരച്ചിലിൽ ഈശ്വർ മാൽപെയ്ക്ക് അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്താൻ സാധിച്ചിരുന്നു. ഇതുകൂടാതെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. ഹൈഡ്രോളിക് ജാക്കി അർജുൻ ഓടിച്ച ഭാരത് ബെൻസ് ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിൽ സൂക്ഷിച്ച പുതിയ ജാക്കി തന്നെയാണെന്ന് ലോറി ഉടമ മനാഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഗംഗാവലി നദിയുടെ അടിയൊഴുക്ക് നന്നായി കുറഞ്ഞതിനാൽ അടിഭാഗം മുങ്ങിത്താഴുമ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്ന് ഈശ്വർ മാൽപെ പറഞ്ഞു. അർജുനെ ഇന്ന് തന്നെ കണ്ടെത്താൻ പറ്റും എന്ന വിശ്വാസത്തിലാണ് ദൗത്യ സംഘം. അര്‍ജുന്‍റെ സഹോദരി അടക്കമുള്ള ബന്ധുക്കള്‍ ഷിരൂരിലുണ്ട്.