പുഴയിൽ ചാടാന്‍ എത്തിയ യുവാവ് ഉറങ്ങിപ്പോയി.. പോലീസെത്തി രക്ഷപ്പെടുത്തി

മൂവാറ്റുപുഴ കച്ചേരിത്താഴത്തിന് സമീപമാണ് അപൂര്‍വ്വ സംഭവം നടന്നത്. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബാണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന രീതിയിൽ പൈപ്പുകൾക്കിടയിൽ കിടന്ന് ഉറങ്ങിയത്. മദ്യലഹരിയിലാണ് പാലത്തിനോട് ചേർന്നുള്ള ജല അതോറിറ്റി പൈപ്പുകൾക്കിടയിലായി പുഴയിലേക്ക് വീഴുന്ന രീതിയിൽ കിടന്നുറങ്ങിയതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസെത്തി രക്ഷിക്കുകയായിരുന്നു.

പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ എത്തിയതായിരുന്നു യുവാവെന്നും പൊലീസ് പറഞ്ഞു. പഴയ പാലത്തിന്റെ കൈവരികൾ കടന്ന് ജല അതോറിറ്റി പൈപ്പുകളിൽ നിൽക്കുമ്പോഴാണ് ഇയാള്‍ക്ക് ഉറക്കം വന്നത്. പാലത്തിലൂടെ നടന്നു പോയ ചിലരാണ് യുവാവിനെ കണ്ട് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് എസ്എ കെ.കെ രാജേഷിന്റെ നേത്യത്വത്തിലുളള പൊലീസ് സംഘം എത്തി ഇയാളെ രക്ഷിക്കുകയായിരുന്നു.